Friday, May 2, 2008

(കൂര്‍ക്ക)കുഞ്ഞേ..

മണ്ണടരുകള്‍ പുതച്ചുറക്കിയ
രുചിയുടെ മുത്തുമണികളേ,
രസനയില്‍ മെല്ലെയലിഞ്ഞു ചേരുകെന്‍
ചോറുരുളയ്ക്കു കൂട്ടിന്നായ്‌..
ചട്ടിയില്‍ ചൂടന്‍ വെളിച്ചെണ്ണയ്ക്കൊപ്പം
മുളകും ഉള്ളിയും ചതച്ചതും
ഒരു തണ്ട്‌ കറിവേപ്പിലയും
കൂടിയുള്ളൊരാ 'കൂട്ട'തില്‍
കിടന്നു മൊരിയുക പുണ്യമെ
ദൈവം തന്നോരമൃതമെ.

(കൂര്‍ക്കബ്ലോഗ് കണ്ട് കൂര്‍ക്ക ഇഷ്ടമില്ലാത്തൊരു സുഹൃത്ത് അയച്ചു തന്നത്)

Tuesday, April 1, 2008

കൊഴുവയോടൊപ്പം ചേര്‍ന്നാല്‍

ഉപ്പും മുളകും ചേര്‍ത്ത് പച്ചവെള്ളം ഒഴിച്ച് വേവിച്ചാലും നല്ല രുചിയോടെ കൂര്‍ക്ക കഴിക്കാം. അതാണ് കൂര്‍ക്കയുടെ പ്രത്യേകത. തന്റെ കുഞ്ഞു ശരീരത്തില്‍ കൂര്‍ക്ക ഒളിപ്പിച്ചിട്ടിരിക്കുന്ന അത്ഭുതപൂര്‍വ്വമായ ഒരു രുചിയാണ് ഇതിന്റെ പിന്നില്‍. അതുകൊണ്ടുതന്നെയാണ് കൂര്‍ക്കയിട്ട് വറ്റിച്ച മത്തി, കൂര്‍ക്കയിട്ട് ബീഫ്, കൂര്‍ക്കയിട്ട പോര്‍ക്ക് എന്നിങ്ങനെ കൂര്‍ക്കയുമായി ചേര്‍ന്ന് ഒരുപാട് പാര്‍ട്ട്‌ണര്‍ഷിപ് കറികള്‍ ഉണ്ടായതും.

സഹൃദയരേ ഇവിടെ ഞാന്‍ അവതരിപ്പിക്കുന്ന കഥ..
“കൂര്‍ക്കയും കൊഴുവയും!“



കഥാപാത്രങ്ങളും പങ്കെടുക്കുന്നവരും
തലയും വാലും നുള്ളി സുന്ദരിയാക്കിയ കൊഴുവ. (തിരുവനന്തപുരം സൈഡില്‍ ഞങ്ങള്‍ ഇതിനെ നെത്തോലി എന്നു പറയും)
കറുത്ത ഉടുപ്പൊക്കെ കളഞ്ഞ വൃത്തിയാക്കിയ കൂര്‍ക്ക
അരമുറി തേങ്ങ
ഒരുപിടി ചെറിയ ഉള്ളി
പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ഉപ്പ്, എണ്ണ
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി
(ബാക്കിയൊക്കെ നമുക്ക് വഴിക്ക് നയം പോലെ ചേര്‍ക്കാം)





ഇത്രയും കൊഴുവയും ഇത്രയും കൂര്‍ക്കയും ചേര്‍ത്തുള്ള കളിയാണ്. അതിനു വേണ്ട അളവുകളൊക്കെ അതാതു സമയത്തു പറഞ്ഞുപോകാം.

ആദ്യ രംഗത്തുതന്നെ 4 തുണ്ട് മീന്‍പുളിയെ പൊക്കി ഇളം ചൂടുള്ള വെള്ളത്തില്‍ ഇടുക. (പുളി ഒരു കഷണം കുറച്ചിട്ട് കുറച്ച് പച്ചമാങ്ങാ കഷണങ്ങള്‍ ചേര്‍ത്തും ഇത് പാചകം ചെയ്യാം.) ചിരകി എടുത്ത തേങ്ങയില്‍ രണ്ടു ടീസ്പൂണ്‍ മുളകുപൊടിയും രണ്ടു ടീസ്പൂണ്‍ മല്ലിപ്പൊടിയും അല്പം മഞ്ഞള്‍ പൊടിയും തോലുകളഞ്ഞ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ചേര്‍ത്ത് അരയ്ക്കുക. ഒരുമിനിട്ട് തികച്ച് അരയ്ക്കണ്ട. അതായത് തേങ്ങ കുഴമ്പാവരുത്. കാര്യമായിട്ട് ഒന്നു ചതഞ്ഞാല്‍ മതി.

നാലുപേര്‍ ചേര്‍ന്ന് കറിച്ചട്ടി എടുത്ത് അടുപ്പില്‍ വയ്ക്കുക. കഴുകിയ ചട്ടിയാണെങ്കില്‍ അതില്‍ വെള്ളം ഉണ്ടാകും. അത് വറ്റുമ്പോള്‍ കുറച്ച് എണ്ണ (ഈ രംഗത്തില്‍ വെജിറ്റബിള്‍ ഓയില്‍ മതിയാകും) ഒഴിച്ച് കടുക് പൊട്ടിക്കുക. പൊട്ടാത്ത കടുകുകളെ കൈയില്‍ എടുത്ത് ചുറ്റികയോ കൊട്ടുവടിയോ കൊണ്ട് പൊട്ടിക്കുക. അതില്‍ കറിവേപ്പില ഇടുക. കഴുകിവച്ച കൂര്‍ക്ക (വലുതാണെങ്കില്‍ മുറിച്ച് കഴണങ്ങള്‍ ആക്കണം) അതിലേക്ക് ചേര്‍ക്കുക. എണ്ണയുമായി ചെറുതായിട്ട് ഒന്ന് ഇളക്കുക. ഈ സമയത്ത് അല്പം ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. കൂര്‍ക്ക അധിക സമയം അങ്ങനെ ഇളക്കി കളിക്കണ്ട. അതില്‍ അരച്ചുവച്ച കൂട്ടുകാരെ എടുത്ത് ചേര്‍ക്കുക. 3 പച്ചമുളകു കുട്ടികളെ നെടുകേ മുറിച്ച് അതില്‍ ചേര്‍ക്കുക. അല്പം വെള്ളവും (മീനുകള്‍ക്ക് മുങ്ങാന്‍കുഴി ഇടാനുള്ള വെള്ളം ആവശ്യമില്ല) ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.
ആദ്യം നമ്മള്‍ വെള്ളത്തില്‍ കളിക്കാന്‍ വിട്ടിരുന്ന മീന്‍പുളിയെ എടുത്ത് വൃത്തിയാക്കി കഴുകി കറിയില്‍ അവിടെ അവിടെയായി മൈനുകള്‍ കുഴിച്ചിടും പോലെ ഇടുക. ഒന്നു തിളച്ചു തുടങ്ങുമ്പോള്‍ കൊഴുവ കുഞ്ഞുങ്ങളെ അതില്‍ നീന്താന്‍ വിടുക. അവയെ ശരിക്കും മുക്കി തന്നെ വയ്ക്കുക. പുറത്തേക്ക് ചാടിപോകാതിരിക്കാന്‍ ഒരു പാത്രം വച്ച് അടച്ചുവയ്ക്കാം. ചെറിയ തീയില്‍ തിളപ്പിക്കണം. ഒന്നു വറ്റുമ്പോള്‍ അല്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍ നന്ന്. കുറച്ചു കറിവേപ്പില കൂടി ചേര്‍ത്ത് അടച്ചുവയ്ക്കുക. തിളച്ചതിനു ശേഷം ചട്ടിയില്‍ സ്പൂണ്‍ ഇട്ട് ഇളക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തുണിവച്ച് ചട്ടിയുടെ സൈഡില്‍ പിടിച്ച് പൊക്കി എടുത്ത് കറക്കിയാല്‍ മതി. തീ ഓഫ് ചെയ്യാന്‍ മറക്കരുത്. കരിഞ്ഞുപോയാല്‍ ഒരു വൃത്തികെട്ടമണം ഉണ്ടാകും.



ചോറ്, ദോശ, എന്നിവയ്ക്കൊപ്പം ഇത് കഴിക്കാം. കൊതിയന്മാര്‍ക്ക് രണ്ടുമില്ലാതേയും കഴിക്കാം.

Saturday, March 22, 2008

നിരക്കെ കൂര്‍ക്ക നട്ട കുന്നിന്‍ ചെരിവ്

നിരക്കെ കൂര്‍ക്ക നട്ട കുന്നിന്‍ ചെരിവ് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ കൂര്‍ക്ക നട്ട പാടങ്ങളും പറമ്പുകളും കാണാന്‍ സാധിച്ചിട്ടുണ്ട്. പറമ്പിലെ കൂര്‍ക്കകളെ കുന്നിന്‍ ചെരുവിലേയ്ക്ക് പറച്ചു നട്ടാലോ? ദൂരെ നിന്നു നോക്കുമ്പോള്‍ ചാഞ്ഞിറങ്ങുന്ന ഒരു പച്ചപ്പ്. കുറച്ചടുത്ത് ചെല്ലുമ്പോള്‍ തടങ്ങളില്‍ കൂടി നില്‍ക്കുന്ന കൂര്‍ക്ക തൈ കൂട്ടം. ഇടയ്യ്ക്കിടെ മണ്‍ചാലുകള്‍. പിന്നേയും അടുത്ത് ചെല്ലുമ്പോള്‍ ഈരില മൂവില വിരിഞ്ഞ് നില്‍ക്കുന്ന കൂര്‍ക്ക തൈ. ആകെ കൂര്‍ക്കയിലയുടെ പച്ച മണം. പനികൂര്‍ക്കയുടെ രൂക്ഷതയോ, പുതിനയുടെ തണുപ്പോ അല്ല കൂര്‍ക്കയിലയ്ക്ക്. മണ്ണിനോട് ചേര്‍ന്നു നില്‍ക്കുന്ന മണം; രുചിയും. ആ കൂ‍ര്‍ക്ക തടങ്ങള്‍ക്ക് ഇടയില്‍ നാരായണിയുടെ വീട്.കാറ്റ് കൊണ്ട് വരുന്ന കൂ‍ര്‍ക്കമണമേറ്റ്, ചന്ദ്രന്റെ പതിനാലം നമ്പര്‍ വിളക്ക് കൊളുത്തിയിട്ട്, നാരായണി ഒറ്റയ്ക്ക് താമസിച്ചിരുന്ന ഓലമേല്‍ക്കൂരയുള്ള വീട്.

ആ വീ‍ട് പണീതത് അനിലന്‍ മരങ്കൊത്തിയാണ്. ചാരുതയാര്‍ന്ന ശില്‍പങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ശില്‍പി. ഒരീക്കല്‍ കൊടുങ്കാറ്റില്‍ കടപുഴുകി വീണ വരിക്കപ്ലാവില്‍ ഒരു തലമുറയിലെ ശില്‍പ്പി തീര്‍ത്തൊരു ശില്പം മറ്റൊരു തലമുറയോട് സംസാരിക്കാന്‍ തുടങ്ങി. തന്റെ ശില്പിയെ കുറിച്ച്, അവന്റെ കണക്കുകൂട്ടലുകളെയും അളവെടുപ്പുകളേയും പറ്റി. ശില്പത്തിനു മോഡലായവളെ കുറിച്ച് പറഞ്ഞപ്പോള്‍ ആകെ പച്ചകൂര്‍ക്കയുടെ മണം. വിത്തായി നട്ട കൂര്‍ക്കയുടെ മണ്ണ് കലര്‍ന്ന മണം, ഈരില, മൂവില ആയി ഇളം തളിരിന്റെ മണം, ചവിട്ടിയെരിഞ്ഞ കൂര്‍ക്കിലകളുടെ മണം പിന്നെ ചുട്ടെടുത്ത കൂര്‍ക്കകിഴങ്ങിന്റേയും.ഇന്നാ വീട് അവിടെയില്ല. കൂ‍ര്‍ക്ക തലപ്പുകള്‍ പച്ചവിരിച്ച കുന്നിന്‍ ചെരിവും മണ്ണെടുത്ത് തീര്‍ന്നണ്ടാവും. പാതിരാനേരത്ത് കൂര്‍ക്കത്തലപ്പ് ചവിട്ടി വന്ന് നാരായണിയുടെ അളവെടുത്ത്, കൊടുങ്കാറ്റില്‍ കടപുഴുകിയ വരിക്കപ്ലാവില്‍ കൊത്തിയ ശില്പിയും ഇന്നില്ല.

കാലം ഒന്നിനെ അതല്ലാതാക്കി മാറ്റുന്നുവെന്ന തിരിച്ചറിവാണ് ഇന്ന് ശില്പത്തിനു ബോധ്യപ്പെടുത്താനുള്ളത്. കൂര്‍ക്ക നട്ട കുന്നിന്‍ ചെരിവുകള്‍, ചെരിവുകള്‍ പോലും അല്ലാതാകുന്നു. കൂര്‍ക്ക മണം ചേര്‍ന്നിരുന്നിരുന്ന നാരായണിമാര്‍ ‍പ്രതിമകളാകുന്നു. പൂക്കാത്ത കശുമാവുകള്‍ തണല്‍ മരങ്ങള്‍ മാത്രമാ‍കുന്നു.

കൊടുങ്കാറ്റില്‍ കടപുഴുകിയപ്പോളുണ്ടായ പൊട്ടല്‍ ഇന്നും ഉള്ളിലുള്ള, നാരായണിയുടെ അളവഴകുകള്‍ സൂ‍ക്ഷിക്കുന്ന, കൂര്‍ക്കമണം തടിവിട്ടൊഴിഞ്ഞ, ആ ശില്പം പിന്നെ പറഞ്ഞു: വെറുതെ നീ തീപെരുക്കുന്നതെന്തിന്?തായ്ത്തടിയും ശിഖരങ്ങളും,ഇലകളും, കായ്കളും,തായ്‌വേരും എല്ലാമുള്ള മരത്തില്‍ നിന്നും ഒരു ‘മരം കഷ്ണം’മായി,ഉളിതൊട്ട് ഇക്കിളിപ്പെടുത്തി, നാരായണിയുടെ ഉടലിന്ന്റെ പച്ചകൂര്‍ക്ക മണവും ചേര്‍ത്ത് കൊത്തി പ്രതിമയായി ജീവിക്കാന്‍ വിധിക്കപ്പെട്ട എന്നിലും പുഴുകുമ്പോ‍ഴുണ്ടായ പൊട്ടലല്ലാതെ മരത്തിന്റേതായി ഒന്നുമില്ല.

ചുട്ടെടുക്കപ്പെട്ട കൂര്‍ക്കകിഴങ്ങുകള്‍ക്കും വിളവെടുപ്പിനു തൊട്ടു മുന്നേ മഴയില്‍ ചീഞ്ഞു പോയ കൂര്‍ക്ക ചെടികള്‍ക്കുമായി ഒരു കാവ്യശില്പം: അനിലന്റെ ഈരില... മൂവില.

Monday, March 17, 2008

രുചിയുടെ ഏഴാം ലോകം

എത്ര തരം രുചിയുണ്ട്? അഞ്ച് ലോക രുചികള്‍, ആറ് ഇന്ത്യന്‍ രുചികള്‍ എന്നതാണോ നിങ്ങളുടെ ഉത്തരം? എങ്കില്‍ നിങ്ങള്‍ കൂര്‍ക്ക കഴിച്ചീട്ടില്ല. ഒരിക്കലെങ്കിലും കൂര്‍ക്ക കഴിച്ചീട്ടുള്ളവര്‍,അവര്‍ കൂര്‍ക്ക പ്രേമികളാവട്ടെ, കൂര്‍ക്ക വിരോധികളാവട്ടെ,മധുരം, കയ്പ്പ്, പുളി, ഉപ്പ്, ഉമ്മാമി എന്നീ അഞ്ച് ലോകരുചികളില്‍ നിന്നും മധുരം, കയ്പ്പ്, പുളി, ഉപ്പ്, എരിവ്, ചവര്‍പ്പ് എന്നീ ആറ് ഇന്ത്യന്‍ ‘രസ’ങ്ങളില്‍ നിന്നും വ്യതസ്തമായ ഏഴാം രുചി കൂര്‍ക്ക അനുഭവിച്ചറിഞ്ഞീട്ടുണ്ടാകും. ആ ഏഴാം രുചിയെ ഭ്രാന്തമായി സ്നേഹിക്കുന്നവര്‍ക്കാണീ ബ്ലോഗ്. എന്തും കൂര്‍ക്കയെ കുറിച്ച്. ലേഖനം, പാചകം, വാചകം, കഥ, കവിത, ഓര്‍മ്മകുറിപ്പ്, പാട്ട്, പെയിന്റിഗ്, ചിത്രംവര, നിശ്ചലഛായാഗ്രഹണം, വീഡിയോ,ഡോക്യുമെറി, ചലച്ചിത്രം, കൊലാഷ് .. എന്തും കൂര്‍ക്കയെ കുറിച്ച്. നിങ്ങളൊരു കൂര്‍ക്കസ്നേഹിയാണോ. കൂര്‍ക്കസംഘത്തിലേയ്ക്ക് സ്വാഗതം. നിങ്ങള്‍ കൂര്‍ക്ക കഴിച്ചിട്ടേ ഇല്ലേ? രുചിയുടെ ഏഴാം ലോകത്തേയ്ക്ക് സ്വാഗതം.
കൂര്‍ക്കകൂട്ടത്തില്‍ കൂടാന്‍ koorkka.koorkka at gmail.com. എന്ന ഇ- വിലാസത്തിലേയ്ക്ക് കത്തയക്കുക